‘എന്ത് പൗളിയോ…ഞങ്ങള്‍ ഒന്നിച്ചു നാടകം കളിച്ചിട്ടുള്ളതാണ്, ഇങ്ങോട്ടു വിളിക്കൂ..’; പൗളി വല്‍സണിനെ ഞെട്ടിച്ച മമ്മൂട്ടി

പൗളി വൽസൺ, മലയാള സിനിമയിലെ രണ്ടാം നിര അഭിനേതാക്കള്‍ക്കിടെ അധികം അംഗീകാരങ്ങളൊന്നും തേടിയെത്താത്ത ഈ എഴുപതുകാരിയാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ താരം. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു പൗളിയ്ക്ക് മികച്ച സ്വഭാവനടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. അവാര്‍ഡുപോലെ തന്നെ തനിക്ക് ലഭിച്ച ഒരഭിനന്ദനത്തിലും പൗളി ഞെട്ടിയിരിക്കുകയാണ്. മമ്മൂട്ടിയാണ് പൗളിയെ ഞെട്ടിച്ച ആ താരം.

പക്ഷെ അത് മലയാളത്തിലെ സൂപ്പര്‍ താരമായത് കൊണ്ടല്ല. പൗളിയ്ക്കു മമ്മൂട്ടിയെ കുറിച്ച് പറയാന്‍ വേറൊരു കഥയുണ്ട്.

”അണ്ണന്‍ തമ്പിയില്‍ മരിച്ചിടത്തു കരയുന്ന ഒരു സീനിനായാണ് ഞാന്‍ പോകുന്നത്. നാടകങ്ങളിലഭിനയിച്ചു തുടങ്ങിയിട്ട് 37 കൊല്ലമായെങ്കിലും ആദ്യ സിനിമയാണ്. സീന്‍ കഴിഞ്ഞപ്പോള്‍ മമ്മൂട്ടി ചോദിച്ചു, ഏതാണ് ആ നടി..വളരെ ജെനുവിന്‍ ആയി അഭിനയിക്കുന്നുണ്ടല്ലോ…’ അത് നാടകനടിയായ പൗളിയാണെന്ന് പറഞ്ഞപ്പോള്‍ ഉടന്‍ മമ്മൂട്ടി, ‘എന്ത് പൗളിയോ…ഞങ്ങള്‍ ഒന്നിച്ചു നാടകം കളിച്ചിട്ടുള്ളതാണ്, ഇങ്ങോട്ടു വിളിക്കൂ..’ എന്ന്. 1975 ല്‍ സബര്‍മതി എന്ന നാടകത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ഇപ്പോഴും പഴയ പോലെ തന്നെ, എന്നെ മറന്നു കാണുമെന്നാണ് ഞാന്‍ കരുതിയത്’.

സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മമ്മൂട്ടി തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും പൗളി പറയുന്നു. ഒപ്പം മമ്മൂട്ടിയുടെ വക ഒരു ഉപദേശവും, ഇനിയല്‍പ്പം സ്റ്റൈലിലൊക്കെ നടക്കണമെന്ന്.

ഗപ്പി, ലീല, മംഗ്ലീഷ് എന്നീ ചിത്രങ്ങളിലും പൗളി വല്‍സണ്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിട്ടുണ്ട്. മരിച്ചവരുടെ നന്മകള്‍ ചൊല്ലിക്കരയുന്ന ഒരു കഥാപാത്രത്തെയാണ് ഈ മ യൗ എന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിലും പൗളി വല്‍സണ്‍ അവതരിപ്പിച്ചത്. 18 ദിവസം കൊണ്ട് ചിത്രീകരിച്ച ഈ മ യൗവിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അതേസമയം, പ്രേക്ഷകരെ പോലെ തന്നെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പൗളിയും. ഇതുവരേയും ചിത്രം കണ്ടിട്ടില്ലെങ്കിലും നല്ല പ്രതീക്ഷയുണ്ടെന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *