കാമുകനെ വിവാഹം കഴിക്കാന്‍ ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ സഹായം

ഭുവനേശ്വര്‍: വിവാഹം നടന്ന് ആറ് ദിവസത്തിനിപ്പുറം കാമുകന്‍റെ കൂടെ ജീവിക്കാന്‍ ഭര്‍ത്താവ് ഭാര്യയെ സഹായിച്ചു. ഒഡിഷയിലെ സുന്ദര്‍ഘഢ് ജില്ലയിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ നടന്നത്. കഴിഞ്ഞയാഴ്ച്ചയാണ് 28കാരനായ ബസുദേബ് താപ്പു 24കാരിയെ വിവാഹം ചെയ്തത്. തുടര്‍ന്നുള്ള ശനിയാഴ്ച്ചയാണ് സംഭവങ്ങളുടെ തുടക്കം.

നവദമ്പതികളെ കാണാനായി മൂന്ന് പേര്‍ ഇവരുടെ വീട്ടില്‍ എത്തുകയായിരുന്നു. ഇവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ കസിന്‍ എന്നാണ് ബസുദേബിനോട് പറഞ്ഞത്. വന്നവരില്‍ രണ്ട് പേര്‍ പുറത്തേക്ക് പോയപ്പോള്‍ ‘കസിന്‍’ യുവതിക്കൊപ്പം വീട്ടില്‍ സമയം ചെലവിടുകയായിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഇവരുടെ അടുപ്പം ശ്രദ്ധിക്കുകയും ഇരുവരേയും കൈയോടെ പിടികൂടുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ യുവാവിനെ പൊതിരെ തല്ലി.

തുടര്‍ന്നാണ് നവവധു ഇടപെട്ട് അത് തന്‍റെ കാമുകനാണെന്ന് കുറ്റസമ്മതം നടത്തിയത്. വീട്ടുകാര്‍ക്ക് ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നെന്നും ഇത് മറച്ച് വെച്ചാണ് തന്നെ നിര്‍ബന്ധപൂര്‍വ്വം ബസുദേവിന് വിവാഹം ചെയ്ത് കൊടുത്തതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. തുടര്‍ന്നാണ് ഇവരുടെ ഭര്‍ത്താവ് തന്നെ ഇടപെട്ട് പെണ്‍കുട്ടിയോട് കാമുകനൊപ്പം പോകാന്‍ അനുവദിച്ചത്.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ച് കമിതാക്കളുടെ വിവാഹം നടത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇരുവരുടേയും വിവാഹം നടത്തുകയായിരുന്നു. താന്‍ ഇപ്രകാരം ചെയ്തിട്ടില്ലെങ്കില്‍ മൂന്ന് പേരുടെ ജീവിതമാണ് തകരുകയെന്ന് ബസുദേബ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *