കാതലുള്ള ‘പൂമരം’

പേരിനോടും സംവിധായകനോടുമുള്ള ഇഷ്ടം കൊണ്ട് കാണാൻ കാത്തിരുന്ന ചിത്രമായിരുന്നു ‘പൂമരം’. കാത്തിരിപ്പ് നീണ്ട് നീണ്ട്, ഒടുവിൽ ഇന്ന് മുൻ വിധികളോ, മുൻ ധാരണകളോ ഇല്ലാതെ ‘പൂമരം’ കണ്ടപ്പോൾ വളരെ ഫ്രഷ് ആയ ഒരു അനുഭവമാണു സിനിമ നൽകിയത്.

സിനിമ തുടങ്ങി ആദ്യ പത്ത് മിനിറ്റിൽ തന്നെ സിനിമയുടെ ചുറ്റ്പാട് വ്യക്തമായി പ്രേക്ഷകനു മനസ്സിലാക്കാനും അതിനോട് പൊരുത്തപ്പെടാനും ആവുന്നുണ്ട്. എം.ജി സർവ്വകലാശാലാ കലോൽസവവും അവിടെ പങ്കെടുക്കാനെത്തുന്ന, കലയെ, കലോൽസവത്തെ വ്യത്യസ്ഥ മനോഭാവത്തോട് കൂടി കാണുന്ന ചില വിദ്യാർത്ഥികളെയും, അദ്യാപകരേയും, കലോൽസവ നഗരിയും, അവിടുത്തെ ചൂടും ചൂരും, സങ്കടങ്ങളും, കലാപങ്ങളും എല്ലാം ‘പൂമരം’ പറയുന്നു.
ആദ്യ ചില രംഗങ്ങൾ ഡൊക്യുമെന്ററി സ്വഭാവം തോന്നിച്ചെങ്കിലും പിന്നീട് സിനിമ സ്വന്തമായി ഒരു ശൈലി നേടിയെടുക്കുന്നുണ്ട്. സംഗീതവും, കവിതയും വളരെ ചേർന്ന് നിൽകുന്നുണ്ട് സിനിമയോട്. ആദ്യ പകുതിയിൽ സിനിമ പ്രേക്ഷകനോട് കാര്യമായി ഒന്നും പറയുന്നില്ലെങ്കിലും ഒരു കലോൽസവം ആസ്വദിക്കുന്ന അതേ മനോഭാവത്തോടെ സിനിമയും ആസ്വദിക്കാൻ ആവുന്നുണ്ട്.

സിനിമയിൽ കൂടുതൽ സംഭാഷണങ്ങൾ വരുന്നതും, കഥാപാത്രങ്ങൾ വരുന്നതും രണ്ടാം പകുതിയിലാണു. മത്സരങ്ങൾക്കിടയിലെ സ്റ്റേജിനകത്തും പുറത്തുമായിട്ടുള്ള കാര്യങ്ങൾ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.
സിനിമയ്ക്കും കഥാ പരിസരങ്ങൾക്കും യോജിച്ച രീതിയിൽ എല്ലാവരും നന്നായി ‘ബിഹേവ്’ ചെയ്തിട്ടുണ്ട്. കാളിദാസ് ഒരു നല്ല നടനാണെന്ന് തീർച്ച.

രണ്ട് കോളേജുകളെ രണ്ട് രീതിയിൽ നയിക്കുന്ന നായകന്മാരെയും അവർ അവരുടെ ടീമുകളെ വിജയത്തിലേക്ക് നയിക്കുന്ന രീതികളും, ഒരു നായകൻ എങ്ങനെ ആവണമെന്നും, യഥാർത്ഥ വിജയം എന്താണെന്നും സിനിമ പറയുന്നു.

പാട്ടുകളുടെ അകമ്പടിയോടെ കലോൽസവ നഗരിയിലൂടെ കുറച്ച് നേരം നടന്ന അനുഭൂതി ഭാക്കിയാക്കി സിനിമ അവസാനിച്ച് പുറത്തിറങ്ങുമ്പോൾ മനസ്സിൽ സുഖവും, സന്തോഷവും ഭാക്കി.

നോട്ട്:- ഛായാഗ്രാഹകന്റെ മികവ് എടുത്ത് പറയേണ്ട ഒന്നാണു. സിനിമയുടെ ജീവൻ തന്നെ ക്യാമറയാണു.

നല്ല പാട്ടുകളുള്ള, നല്ല സിനിമയാണു, കാണുക.

Leave a Reply

Your email address will not be published. Required fields are marked *