ഭൂമി വീണ്ടും പിളരുന്നു? എട്ടാമത്തെ വൻകരയുടെ പിറവിയെന്ന് ഭൗമശാസ്ത്രജ്ഞർ

നെയ്റോബി: ഭൗമശാസ്ത്രം നേരത്തേ തന്നെ പറഞ്ഞുവച്ചതാണത്. നിരന്തരം ഭൗമപാളികൾ ചലിച്ചുകൊണ്ടേയിരിക്കുകയാണ് എന്ന്. അത്തരത്തിൽ ചലിച്ചുകൊണ്ടേയിരിക്കുന്ന ഭൗമപാളികൾ ഭൂമിക്ക് എന്ത് മാറ്റമാണ് വരുത്തുന്നത്? ആഫ്രിക്കയിലെ ഭൗമശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങൾ പ്രകാരം ആഫ്രിക്കൻ വൻകര തന്നെ രണ്ടായി പിളർന്നുകൊണ്ടിരിക്കുകയാണ്.

കെനിയയിലെ  മായി മഹിയു കൊടുമുടിയോട് ചേർന്ന് ഉണ്ടായിരിക്കുന്ന വലിയ ഗർത്തം ഇപ്പോൾ  ദിനംപ്രതിയെന്നോണം വളരുന്നതാണ് എട്ടാമത്തെ വൻകരയുടെ പിറവി എന്ന നിഗമനത്തിലേക്ക് ഭൗമശാസ്ത്രജ്ഞരെ എത്തിച്ചിരിക്കുന്നത്.

അധികം തീവ്രതയില്ലാത്ത ഭൂകമ്പങ്ങളിലൂടെയാണ് തുടക്കം. ഇത് ഭൂമിയിൽ വിളളലുകൾ ഉണ്ടാക്കി. പ്രധാന പാതയായ നാറോക് – മായി മഹിയു പാത രണ്ടായി വിണ്ടുകീറി. ഇതിന് പിന്നാലെയുണ്ടായ വെള്ളപ്പൊക്കം പക്ഷെ ഈ വിളളലുകളിലൂടെ മണ്ണിലേക്ക് തന്നെ താഴ്‌ന്നുപോയി. ഇതിന് പിന്നാലെ നിരന്തരം ചെറിയ ഭൂകമ്പങ്ങളും മഴയും പെയ്യാൻ തുടങ്ങിയതോടെയാണ് വിദഗ്‌ധർ ഈ പ്രതിഭാസം ഗൗരവമായി ചർച്ച ചെയ്തത്.

നെയ്റോബിയിലെ പ്രമുഖ മാധ്യമമായ ഡെയ്‌ലി നേഷന് നൽകിയ അഭിമുഖത്തിൽ റോക് ലിങ്ക് ജിയോളജിക് കൺസൾട്ടന്റായ ഡേവിഡ് ദെദെ ഈ പ്രതിഭാസത്തെ കുറിച്ച് വിശദീകരിച്ചത് ഇങ്ങിനെ.

“ആഫ്രിക്കയ്ക്ക് രണ്ട് ഭൗമ പാളികളാണ് ഉളളത്.  ഇത് രണ്ടും വിട്ടുമാറുകയാണെന്നാണ് ഇപ്പോഴത്തെ പ്രതിഭാസങ്ങൾ തെളിയിച്ചിരിക്കുന്നത്. ദിവസം 2.5 സെന്റിമീറ്റർ വരെ വീതിയിൽ ഗർത്തം വലുതാകുന്നുണ്ട്. ഈ സാഹചര്യത്തിൽ സൊമാലിയൻ പാളി വിട്ടുമാറുകയാണെന്നാണ് മനസിലാക്കേണ്ടത്. അധികം വൈകാതെ ആഫ്രിക്കൻ വൻകരയിൽ നിന്ന് സൊമാലിയൻ പാളി വിട്ടുമാറി പുതിയൊരു വൻകര തന്നെ ഉണ്ടാകും,” ഡേവിഡ് ദെദെ വിശദീകരിച്ചു.

നിരന്തരം ഉണ്ടാകുന്ന ചെറിയ ഭൂകമ്പങ്ങളും വെളളപ്പൊക്കവും അതിശക്തമായ മഴയും കാറ്റും ജനങ്ങളെ ഭീതിയുടെ വക്കിലാണ് എത്തിച്ചിരിക്കുന്നത്. ജനങ്ങളോട് കൂടുതൽ ജാഗ്രത പാലിക്കാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ പ്രതിഭാസം കൂടുതൽ ആഴത്തിൽ പഠിക്കാനുളള നീക്കത്തിലാണ് ജിയോളജിസ്റ്റുകൾ.

Leave a Reply

Your email address will not be published. Required fields are marked *