ഡ്രൈവറുടെ മകളുടെ കല്ല്യാണത്തിന്‍ യുഎഇയില്‍ നിന്നും എത്തിയതാ വമ്പന്‍ പട ; താരമായി മാറി മൊയ്തീന്‍ കുഞ്ഞി

സ്ഥാനമാനങ്ങൾ നോക്കാതെ മനുഷ്യരെ സ്നേഹിക്കുന്ന യുഎഇ സ്വദേശികളുടെ സുമനസിന് ഉദാഹരണമായി ദുബായിലെ ഒരു സംഘം യുവാക്കൾ കേരളത്തിലെത്തി. മലപ്പുറം കുറ്റിപ്പുറം കാലടിയിലെ കീഴാപ്പാട്ട് വീട്ടിലെ കല്യാണ വീടായിരുന്നു സംഘത്തിന്റെ ലക്ഷ്യം. തങ്ങളുടെ പ്രിയപ്പെട്ട വീട്ടു ഡ്രൈവർ മൊയ്തീൻ കുഞ്ഞിയുടെ മകളുടെ കല്യാണത്തിന് ആശംസകൾ നേരുകയും വീട്ടുകാരുടെ സന്തോഷത്തിൽ പങ്കുകെള്ളുകയും ചെയ്ത്, വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു സംഘത്തിന്റെ മടക്കം. അറബികളുടെ സാന്നിധ്യത്തിലൂടെ മൊയ്തീൻ കുഞ്ഞി നാട്ടിൽ താരവുമായി.

26 വർഷമായി ദുബായ് മുഹൈസിന ഒന്നിലെ സ്വദേശിയായ അബ്ദു റഹ്മാൻ ഉബൈദ് അബു അൽ ഷുവാർബിന്‍റെ വീട്ടിലെ ഡ്രൈവറാണ് മൊയ്തീൻ കുഞ്ഞി. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ജോലിക്കാരനാണ് ഇദ്ദേഹം. അബ്ദുറഹ്മാന്റെ മകനും ഏഴ് കൂട്ടുകാരുമാണ് മൊയ്തീൻ കുഞ്ഞിമായി കുടുംബത്തിനുള്ള ആത്മബന്ധത്തിന്‍റെ ആഴം അറിയിച്ചുകൊണ്ട് കേരളത്തിലെത്തിയത്. മംഗളദിനത്തിന്റെ സന്തോഷത്തിൽ പങ്കാളികളാകാനും വധുവാരന്മാർക്ക് സമ്മാനങ്ങൾ നൽകാനും അവർ പരസ്പരം മത്സരിച്ചു.

മുഹൈസിനയിലെ ഈ ഭവനത്തിൽ ഒരു പാചകക്കാരനായിട്ടായിരുന്നു ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. 26 വർഷമായി ഇവിടെ തന്നെ ജോലി ചെയ്യുന്ന ഇദ്ദേഹം 20 വർഷങ്ങൾക്ക് മുൻപാണ് ഡ്രൈവിങ് ലൈസൻസ് എടുത്തു ഡ്രൈവറായി ജോലി ചെയ്തുതുടങ്ങിയത്. അർബാബിന്റെ മജ്‌ലിസിൽ എത്തുന്ന അതിഥികളെ സ്വീകരിക്കുകയും അവർക്കുള്ള ഭക്ഷണവും മറ്റും നൽകുന്നതുമെല്ലാം ഇദ്ദേഹമായിരുന്നു.

മജ് ലിസ് എന്നറിയപ്പെടുന്ന സ്വീകരണ മുറിയിൽ സ്പോൺസറുടെ മകന്‍റെ കൂട്ടുകാരും പതിവായി എത്താറുണ്ടായിരുന്നു. യു എ ഇ യിലെ വിവിധ ഗവണ്മെന്റ് ഓഫീസുകളില്‍ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്നവരാണ് ഇവർ. അവരുമായും നല്ല ആത്മബന്ധമാണ്‌ മൊയ്തീൻ കുഞ്ഞിക്ക്. തന്റെയും കുടുംബത്തിന്റെയും ജീവിതത്തിന് ഏറെ സഹായം ചെയ്യുന്നവരാണ് ഇവരെന്ന് മൊയ്തീൻ കുഞ്ഞി പറയുന്നു. കല്യാണത്തിൽ പങ്കെടുത്ത അതിഥികൾ വിവിധ വിനോദ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണ് യുഎഇ യിലേക്ക് മടങ്ങി എത്തിയത്.

കടപ്പാട് : മനോരമ

Leave a Reply

Your email address will not be published. Required fields are marked *