നാലു സെന്റ് സ്ഥലത്ത് 25 ലക്ഷത്തിന് രണ്ടു നില വീട്

കോഴിക്കോട് മെഡിക്കൽ കോളജിനു സമീപമുള്ള ഫൈസലിന്റെ വീടാണിത്. വെറും നാലു സെന്റ് സ്ഥലത്താണ് 1250 ചതുരശ്രയടിയിൽ ഈ വീട് നിൽക്കുന്നത്. വീടിന്റെ ചുറ്റളവ് മൂന്ന് സെന്റിൽ ഒതുക്കിയിരിക്കുന്നതിനാല്‍ കെട്ടിട നിർമാണ ചട്ടപ്രകാരമുള്ള ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനായി.

കുറഞ്ഞ ബജറ്റിൽ അത്യാവശ്യ സൗകര്യങ്ങളെല്ലാമുള്ള രണ്ടു നില വീട് എന്നതായിരുന്നു ഉടമസ്ഥന്റെ ആവശ്യം.

ചുറ്റുപാടുമുള്ള മനോഹരമായ പ്ലോട്ടിനോട് ഇഴുകിച്ചേരുന്ന ഡിസൈനാണ് വീടിനെ ശ്രദ്ധേയമാക്കുന്നത്.

വൈറ്റ് തീമാണ് വീടിന്റെ എലിവേഷനും ഇന്റീരിയറിനും കൊടുത്തിരിക്കുന്നത്. ഇതിലൂടെ കൂടുതൽ വിസ്തൃതിയും വീടിന് തോന്നിക്കുന്നുണ്ട്. എലിവേഷനിൽ കോൺട്രാസ്റ്റ് നൽകുന്നതിനായി ബ്ലാക്ക്& വൈറ്റ് ക്ലാഡിങ് സ്‌റ്റോണുകൾ പതിപ്പിച്ചിട്ടുണ്ട്. വെറും ഒരു സെന്റിലും മനോഹരമായി ലാൻഡ്സ്കേപ്പിങ് ഒരുക്കിയിരിക്കുന്നു. പുൽത്തകിടിയും ചെറുമരങ്ങളും മുറ്റം മോടി പിടിപ്പിക്കുന്നു. എലിവേഷന്റെ തുടർച്ചയെന്നോണം വൈറ്റ് & ബ്ലാക് ഇന്റർലോക്ക് ടൈലുകളാണ് മുറ്റത്തു വിരിച്ചത്.

സ്വാഭാവിക പ്രകാശം സമൃദ്ധമായി ലഭിക്കുന്നതിന് കോർണർ ജനാലകളും സ്‌കൈലൈറ്റുകളും എലിവേഷനിൽ നൽകിയത് ശ്രദ്ധേയമാണ്. മുകൾ നിലയിൽ ചെറിയൊരു ബാൽക്കണി നൽകിയിട്ടുണ്ട്. ഇവിടെ നിന്നുള്ള പുറംകാഴ്ചകൾ മനോഹരമാണ്.

വൈറ്റ് വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിന് നൽകിയിരിക്കുന്നത്. ലിവിംഗും ഡൈനിംഗും ഓപ്പൺ ശൈലിയിലാണ്. സ്ഥല ഉപയുക്തത നൽകാൻ ഇന്റീരിയറിൽ ശ്രദ്ധിച്ചിട്ടുണ്ട്.

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ്പിട്ട ലളിതമായ ഊണുമേശ. ഊണുമുറിയുടെ ഒരു ഭിത്തിയിൽ ടിവി യൂണിറ്റ് നൽകി. രണ്ടു ഫ്‌ളൈറ്റിൽ തീരുന്ന ലളിതമായ ഗോവണി. ഇതിന്റെ താഴെയുള്ള ഭാഗത്താണ് ഒരു കിടപ്പുമുറി ക്രമീകരിച്ചത്. ഗോവണിയുടെ താഴെ സ്‌റ്റോറേജ് യൂണിറ്റുകളും നൽകിയിട്ടുണ്ട്.

ലളിതമായ അടുക്കള. ഗ്രാനൈറ്റാണ് കൗണ്ടർടോപ്പിനു നൽകിയത്. മൾട്ടിവുഡ് കൊണ്ട് സ്‌റ്റോറേജ് യൂണിറ്റുകൾ നിർമിച്ചു. ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കിയിട്ടുണ്ട്.

താഴെ ഒന്നും മുകളിൽ രണ്ടും കിടപ്പുമുറികൾ. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മുകൾനിലയിൽ ബാൽക്കണിക്കുസമീപം ഒരു ഓഫിസ് കം റീഡിങ് സ്‌പേസും സജ്ജീകരിച്ചു. അത്യാവശ്യസൗകര്യങ്ങൾ എല്ലാം സജ്ജീകരിച്ച ഈ വീടിന് വെറും 25 ലക്ഷം രൂപയാണ് ചെലവായത്.

ഇനി ചിലവ് കുറയ്ക്കാന്‍ എന്തെല്ലാമാണ് ചെയ്തിരിക്കുന്നത് എന്ന് നോക്കാം.

വൈറ്റ് പെയിന്റാണ് എക്സ്റ്റീരിയറിലും ഇന്റീരിയറിലും. ഇത് ഫർണിഷിങ്ങിൽ നല്ലൊരു തുക ലാഭിച്ചു. മാത്രമല്ല വീടിന് കൂടുതൽ വിശാലതയും തോന്നിക്കുന്നു.
പത്തുമാസം കൊണ്ട് പണിതീർത്തു. ചതുരശ്രയടി കുറക്കുകയും അനാവശ്യ ഭിത്തികൾ ഒഴിവാക്കുകയും ചെയ്തു ഉള്ള സ്‌പേസ് നന്നായി ഉപയോഗിച്ചു.

ഇന്റീരിയറിൽ അനാവശ്യ ആർഭാടങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല. ഫോൾസ് സീലിങ് നൽകാതെ ഡയറക്ട് ലൈറ്റിങ് നൽകി. സ്വാഭാവിക പ്രകാശം സമൃദ്ധമായി ലഭിക്കുന്നത് കൊണ്ട് ലൈറ്റ് പോയിന്റുകൾ കുറച്ചു.

കോണ്ടാക്റ്റ് ഡീറ്റെയ്ല്‍സിനായി

Construction, Design- Sajeendran Kommeri
Blue Pearl Constructions, Calicut
email- sajeendrankommeri1@gmail.com
Mob- 9388338833

Leave a Reply

Your email address will not be published. Required fields are marked *