നിർമാണച്ചെലവ് 30% കുറയ്ക്കും ഈ ജിപ്സം വീടുകള്‍

സ്വന്തമായൊരു വീട് എന്നത് ഏതൊരു സാധാരണക്കാരന്റേയും സ്വപ്നമാണ്, ഒരായുസ്സിന്റെ സമ്പാദ്യവും. മിച്ചം പിടിച്ചതും സ്വരുക്കൂട്ടിയതുമൊക്കെ ചേർത്തുവച്ചാലും വായ്പയെടുക്കാതെ ഈ കാര്യം നടക്കില്ല എന്ന സ്ഥിതിയാണ്.
ഒരു തുക പറഞ്ഞു നിർമാണം തുടങ്ങിയാലും പൂർത്തിയാകുമ്പോൾ വീണ്ടും കൈവായ്പ പലതു വാങ്ങേണ്ടിവരും.

നിർമാണ സമയത്തു പരമാവധി ചെലവ് കുറഞ്ഞ മാർഗങ്ങൾ സ്വീകരിക്കുക എന്നതാണ് വീടു നിർമാണം ബജറ്റിൽ അവസാനിപ്പിക്കാനുള്ള മാർഗം. നിർമാണ സാമഗ്രികളിലും രീതികളിലും ചെലവു കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഒട്ടേറെ സംവിധാനങ്ങൾ വിപണിയിലെത്തിയിട്ടും പരമ്പരാഗതമായ സിമന്റും മണലും കട്ടയും തടിയും ഉപയോഗിച്ച് നമ്മൾ അധിക സാമ്പത്തിക ബാധ്യത കെട്ടിപ്പൊക്കുന്നു.

മണലിന് പകരം എം- സാൻഡ് ഉപയോഗിക്കാം എന്ന് കേട്ടപ്പോൾ നെറ്റിചുളിച്ചവരൊക്കെ ഇപ്പോൾ മണലിന്റെ പേരുതന്നെ മറന്ന മട്ടാണ്. വീട് നിർമിക്കുന്നതിനു മുൻപ് നിർമാണസാമഗ്രികളിലെ ബദൽ മാർഗങ്ങളെക്കുറിച്ചു ശരിയായി മനസിലാക്കണം.

പ്രാദേശികമായ സാഹചര്യങ്ങളും ലഭ്യതയും കാലാവസ്ഥയുമൊക്കെയനുസരിച്ച് ഇതിൽ ഏതൊക്കെ തിരഞ്ഞെടുക്കാമെന്ന് വിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനിക്കാം.

പയറ്റിനോക്കാം ജിപ്സം വാൾ

ഓസ്‌ട്രേലിയയിലും ചൈനയിലും മലേഷ്യയിലും പരീക്ഷിച്ചു വിജയിച്ച ജിപ്സം വാൾ എന്ന സാങ്കേതികവിദ്യ കോൺക്രീറ്റും കമ്പിയും ഉപയോഗിച്ചു വീടുനിർമിക്കുന്നതിനേക്കാൾ 30 % ചെലവുകുറഞ്ഞ രീതിയാണ്.

പൊതുമേഖലാ വളം നിർമാണകമ്പനികളായ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സും ഫാക്ടും ചേർന്നാണ് ഇന്ത്യൻ കാലാവസ്ഥയ്ക്കും സാഹചര്യങ്ങൾക്കും ഇണങ്ങുന്ന വിധത്തിൽ ഈ വിദ്യ ഇവിടെ അവതരിപ്പിക്കുന്നത്.

ഭിത്തികളും മേൽക്കൂരയും ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങളെല്ലാം ജിപ്സം വാളിൽ നിർമിച്ചെടുക്കാം. മുൻകൂട്ടി തയാറാക്കുന്ന ഭിത്തികൾ സെറ്റിൽ കൊണ്ടുവന്നു ഘടിപ്പിച്ച് വീടുനിർമിക്കുന്ന രീതിയാണിത്. അതുകൊണ്ടുതന്നെ പണിക്കൂലിയിനത്തിലും പണം ലാഭിക്കാം.

1400 ചതുരശ്രയടിയുള്ള വീട് ജിപ്സം വാൾ ഉപയോഗിച്ച് നിർമിച്ചെടുക്കാൻ രണ്ടാഴ്ച മതിയാകും. വേഗം നിർമാണം പൂർത്തീകരിക്കാമെന്നതിനാൽ റാപ്പിഡ് വാൾ എന്നും ഇതിനുപറയും. അഞ്ച് ഇഞ്ചാണ് ജിപ്സം വാളിന്റെ കനം.

മിനുസവും ഭംഗിയുമുള്ള പ്രതലമായതിനാൽ പെയിന്റ് ചെയ്താൽ മാത്രം മതി. പ്ലാസ്റ്ററിങ്ങിനും പുട്ടിയിടലിനുമുള്ള പണം ലാഭം. 10 ടൺ ഭാരമുള്ള കോൺക്രീറ്റ് ഭിത്തിയുടെ അതേ അളവിലുള്ള ജിപ്സം വാളിന് ഒന്നര ടൺ ഭാരമേ ഉണ്ടാകൂ.

അടിത്തറ നിർമിക്കുമ്പോൾ കൂടുതൽ ബലപ്പെടുത്തലിനായി അമിത ചെലവു വരില്ല. ഭൂചലനത്തെയും തീപിടിത്തത്തെയും ചെറുക്കുന്ന ജിപ്സം വാളിനു ചൂടും കുറവായിരിക്കുമെന്നു സാങ്കേതിക വിദഗ്ധർ പറയുന്നു.

ജിപ്സം വാളുകൾക്ക് ഉയർന്ന ഭാരവാഹക ശേഷി ഉള്ളതിനാൽ നാലുനില വരെ പില്ലർ ഇല്ലാതെ നിർമിക്കാം. ചിതൽ, കീടങ്ങൾ എന്നിവയെയും ഭയപ്പെടേണ്ട.

ഫാക്ടിന്റെ എറണാകുളം അമ്പലമേട് കേന്ദ്രത്തിൽ ജിപ്സം വാളുകൾ ലഭ്യമാണ്. ചെന്നൈ ഐഐടിയുടെ പ്രത്യേക പരിശീലനം നേടിയ കോൺട്രാക്ടർമാരാണ് ജിപ്സം വാൾ ഉപയോഗിച്ചു വീടു നിർമിച്ചു നൽകുന്നത്. വീടിന്റെ പ്ലാനുമായി ഫാക്ട് കേന്ദ്രത്തെ സമീപിച്ചാൽ കോൺട്രാക്ടർമാരുടെ വിവരങ്ങൾ ലഭിക്കും.

ഇവർ തയാറാക്കി നൽകുന്ന കട്ടിങ് പ്ലാനിലെ അളവ് അനുസരിച്ച് ഭിത്തിക്കും മേൽക്കൂരയ്ക്കുമുള്ള ജിപ്സം വാൾ വാങ്ങാം. കതകും ജനലും മറ്റും ഘടിപ്പിക്കാനുള്ള ഭാഗങ്ങളും മുറിച്ചു നൽകും. പരിശീലനം നേടിയ തൊഴിലാളികളാണ് ഇവ സൈറ്റിലെത്തിച്ചു ഘടിപ്പിച്ചു നൽകുന്നത്.

അറ്റകുറ്റപ്പണിയില്ലാതെ 60 വർഷത്തിലധികം ജിപ്സം വാൾ വീടുകൾ ഉപയോഗിക്കാമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതായി സാങ്കേതികവിദഗ്ധർ പറയുന്നു. കട്ടിങ് പ്ലാനും പണവും നൽകിയാൽ മൂന്നു ദിവസത്തിനുള്ളിൽ ജിപ്സം വാളുകൾ ലഭിക്കും.

പരമാവധി ഷെയര്‍ ചെയ്യൂ. സാധാരണക്കാരില്‍ എത്തിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *