സൗദി തൊഴിൽ മന്ത്രാലയം നടപ്പാക്കിയ കസ്റ്റമർ കെയർ മലയാളികൾക്ക് അനുഗ്രഹമാകുന്നു…

തൊഴിൽ പ്രശ്‌നങ്ങൾക്ക് മലയാളത്തിൽ മറുപടി തേടി ദിവസം നൂറിലേറെ വിളികൾ

റിയാദ് – വിദേശി തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കാനും സംശയങ്ങൾ ദൂരീകരിക്കാനുമായി സൗദി തൊഴിൽ മന്ത്രാലയം നടപ്പാക്കിയ കസ്റ്റമർ കെയർ മലയാളികൾക്ക് അനുഗ്രഹമാകുന്നു.

ദിവസം നൂറിലധികം മലയാളികളാണ് വിവിധ പ്രശ്‌നങ്ങളുന്നയിച്ച് മലയാളം കസ്റ്റമർ കെയറിലേക്ക് വിളിക്കുന്നത്. നാലു വർഷം മുമ്പാണ് 19911 എന്ന ടോൾ ഫ്രീ നമ്പറിൽ മലയാളമടക്കമുള്ള ഒമ്പത് വിദേശ ഭാഷകളുടെ സേവനം തൊഴിൽ മന്ത്രാലയം ആരംഭിച്ചത്.

ടോൾ ഫ്രീ നമ്പർ ഡയൽ ചെയ്താൽ അറബി, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, തഗലൊഗ്, ഇന്തോനേഷ്യൻ, മലയാളം, എത്യോപ്യൻ, ബംഗാളി എന്നീ ഭാഷകൾ തെരഞ്ഞെടുക്കാൻ ആവശ്യപ്പെടും. മലയാളം ലഭിക്കാൻ ഏഴ് ആണ് അമർത്തേണ്ടത്. ഏഴ് അമർത്തുമ്പോൾ സേവനങ്ങൾക്കും പ്രോഗ്രാമുകൾക്കും ഒന്ന് അമർത്താനും പരാതികൾക്ക് രണ്ട് അമർത്താനും ഇംഗ്ലീഷിൽ നിർദേശം ലഭിക്കും. ആവശ്യത്തിനനുസരിച്ചുള്ള നമ്പർ അമർത്തിയാൽ ഇഖാമ നമ്പർ ടൈപ് ചെയ്യാൻ ആവശ്യപ്പെടും. ഇഖാമ നമ്പർ നൽകി അൽപ സമയം കഴിയുമ്പോൾ മലയാളിയായ കസ്റ്റമർ സർവീസ് അസിസ്റ്റന്റ് സഹായിക്കാനെത്തും. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ കസ്റ്റമർ കെയർ പ്രവർത്തിക്കുന്നുണ്ട്.

മലയാളികൾ പ്രധാനമായും തൊഴിൽ പ്രശ്‌നങ്ങളെ സംബന്ധിച്ച് അറിയാനാണ് കസ്റ്റമർ കെയറിനെ സമീപിക്കുന്നത്. വീട്ടുവേലക്കാരികൾ, ഹൗസ് ഡ്രൈവർമാർ തുടങ്ങിയവർ ഇഖാമ പ്രശ്‌നങ്ങൾ ഉന്നയിച്ച് വിളിച്ച് പരിഹാര മാർഗങ്ങൾ ആരായാറുണ്ടെന്നും കസ്റ്റമർ കെയർ വൃത്തങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *