ഇഖാമ കൈവശമുള്ളവരെയും പൊലിസ് പിടികൂടുന്നു; ആശങ്കയോടെ പ്രവാസികള്‍…

ജിദ്ദ : സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിശോധനയില്‍ ഇഖാമയുള്ളവരെ പോലും പിടികൂടുന്നതായി പരാതി ഉയരുന്നു.
നിയമലംഘകരില്ലാത്ത രാജ്യമെന്ന കാമ്പയിനിന്റെ ഭാഗമായി നടക്കുന്ന പൊലിസ് പരിശോധനകളിലാണ് ഇഖാമയുള്ളവരും പിടിയിലാകുന്നത്. രേഖകളെല്ലാം ഉണ്ടായിട്ടും ഇന്ത്യക്കാരായ നിരവധി പേര്‍ പൊലിസ് പിടിയിലാവുന്നുണ്ടെന്നും അതിന് പരിഹാരം വേണമെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകരിലൊരാള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പരാതി നല്‍കിയിരുന്നു.
അതേസമയം, പിടിക്കപ്പെട്ടാലും രേഖകള്‍ ശരിയാണെങ്കില്‍ പേടിക്കാനില്ലെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. പൊലിസിന്റെ പിടിയിലാവുന്നവരെ തര്‍ഹീലില്‍ കൊണ്ടുപോയി ബയോമെട്രിക് പരിശോധന നടത്തി നിയമാനുസൃത താമസക്കാരനാണെന്ന് കൃത്യതവരുത്തുമെന്നതിനാല്‍ ഇഖാമയടക്കമുള്ള രേഖകള്‍ കാലാവധിയുള്ളതാണെന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്നും എംബസി അറിയിച്ചു.

നിയമാനുസൃതമായി ഇവിടെ താമസിക്കുന്ന ആരെയും തര്‍ഹീലില്‍ പാര്‍പ്പിക്കില്ല. അത്തരം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും എംബസി അറിയിച്ചു.
ഓരോ ദിവസവും നിരവധി വിദേശികളെയാണ് പൊലിസ് പിടികൂടി തര്‍ഹീലിലെത്തിക്കുന്നത്. പിടികൂടിയവരില്‍ നിന്ന് ഇഖാമ കൈവശമുള്ളവരെയും ഇല്ലാത്തവരെയും സന്ദര്‍ശക വിസക്കാരെയും വേര്‍തിരിച്ച് വിവിധ കൗണ്ടറുകളില്‍ പരിശോധിച്ച് നിയമാനുസൃതരാണെന്ന് ഉറപ്പുവരുത്തും.
ശേഷം അവരെ വിട്ടയക്കും. കേസുകളില്‍ പെട്ടവരെയും ഇഖാമ കാലാവധി തീര്‍ന്നവരെയും അതത് വകുപ്പിലേക്ക് മാറ്റി നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.
വാരാന്ത്യങ്ങളില്‍ റിയാദില്‍ ബത്ഹ, ഹാറ തുടങ്ങി വിദേശികള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിലാണ് മുഖ്യമായും പരിശോധന നടക്കാറുള്ളത്. ചില സമയങ്ങളില്‍ സംശയാസ്പദ സാഹചര്യത്തില്‍ ഇഖാമ കൈവശമുള്ളവരെയും പൊലിസ് തര്‍ഹീലിലേക്ക് കൊണ്ടുപോകുന്നുണ്ട്.
ഇഖാമ പരിശോധിച്ച ശേഷം അവരെ വിട്ടയക്കുകയും ചെയ്യും. ഇക്കാരണത്താല്‍ ചില കമ്പനികള്‍ തങ്ങളുടെ ജീവനക്കാരോട് രേഖകളില്ലാതെ പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ഓര്‍മിപ്പിക്കുന്നുണ്ട്.
അതേസമയം ഇഖാമ കാര്‍ഡില്‍ ഇഷ്യു തിയതിയുള്ളവരെയാണ് പൊലിസ് പിടിക്കുന്നതെന്ന പ്രചാരണത്തെ തുടര്‍ന്ന് നിരവധി പേര്‍ ഈ കാര്‍ഡുകള്‍ മാറ്റി വരുന്നുണ്ട്. ഇപ്രകാരം പുതിയ കാര്‍ഡ് സംഘടിപ്പിച്ചാലും ഇഷ്യു തിയ്യതി മാത്രമാണ് ഉണ്ടാവുക.
ഒരിക്കല്‍ അഞ്ചുവര്‍ഷത്തെ കാര്‍ഡ് ഇഷ്യു ചെയ്ത ശേഷം എന്തെങ്കിലും കാരണത്താല്‍ കാര്‍ഡ് മാറ്റേണ്ടിവരുമ്പോഴാണ് എക്‌സ്പയറി തിയതിക്ക് പകരം ഇഷ്യു തിയ്യതി രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇഷ്യു തിയ്യതിയാണ് ഇഖാമ കാര്‍ഡിലുള്ളതെങ്കില്‍ ആ തിയതി മുതല്‍ അഞ്ചുവര്‍ഷം വരെ അത്തരം കാര്‍ഡുകള്‍ ഉപയോഗിക്കാമെന്നും കാര്‍ഡുകള്‍ എല്ലാ വര്‍ഷവും മാറ്റേണ്ടതില്ലെന്നും ജവാസാത്ത് വിഭാഗം അറിയിച്ചു..

Leave a Reply

Your email address will not be published. Required fields are marked *