കൂടുതല്‍ പരിഷ്‌കാരങ്ങളുമായി സൗദി; അടുത്ത മാസം മുതല്‍ ടൂറിസ്റ്റ് വിസയിലും രാജ്യത്തെത്താം.

റിയാദ്: സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ് വിസ അടുത്തമാസം മുതല്‍ നല്‍കിത്തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദിടൂറിസം നാഷണൽ ഹെറിറ്റേജ് പ്രസിഡന്‍റു കൂടിയായ സല്‍മാന്‍ രാജാവ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു.
നിലവില്‍ ജോബ് വിസ, ഫാമിലി വിസ, തുടങ്ങിയവയും ഹജ്ജ് തീർഥാടകർക്കുള്ള വിസയുമാണ് സൗദി അനുവദിക്കുന്നത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ടൂറിസ്റ്റ് വിസ നേരത്തെമുതല്‍ അനുവദിച്ചിരുന്നുവെങ്കിലും യാഥാസ്ഥിതിക രാജ്യമായ സൗദി ടൂറിസ്റ്റ് വിസ നല്‍കിയിരുന്നില്ല.
30 ദിവസത്തേക്കുള്ള സിംഗിൾ എൻട്രി വിസയാകും നൽകുക. സാമ്പത്തിക രംഗത്തെ മുന്നേറ്റം ലക്ഷ്യമിട്ടാണ് ടൂറിസ്റ്റ് വിസ നൽകാൻ തീരുമാനിച്ചത്. ഒരു വർഷം 30 മില്യൺ ടൂറിസ്റ്റ് വിസകൾ നൽകാനാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്.
സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി നിയമിക്കപ്പെട്ടതിന് പിന്നാലെ നിരവധി പരിഷ്‌കാര നടപടികളാണ് സൗദിയില്‍ നടന്നുവരുന്നത്. പാശ്ചാത്യവിദ്യാഭ്യാസം സിദ്ധിച്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ ചുമതലയേറ്റതിന് പിന്നാലെ ഡ്രൈവിംഗ് ലൈന്‍സിന് സ്ത്രീകള്‍ക്ക് അനുമതി, പുരുഷന്റെ സാന്നിധ്യമില്ലാതെ സ്ത്രീകള്‍ക്ക് പൊതുനിരത്തില്‍ സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ പരിഷ്‌കാരങ്ങളും സൗദി അറേബ്യയില്‍ നടപ്പാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *